വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിലുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിക്ക് പിന്നാലെ ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ ജീവനക്കാരുടെ ശരീരത്തിൽ വീണ് ജീവനക്കാർക്ക് ഗുരുതര പൊള്ളലേറ്റു.
പൊതുമേഖല സ്ഥാപനമായ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആർഐഎൻഎൽ) നടത്തിവരുന്ന വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്ന് വൈകുന്നേരം നാലരയോടെ പ്ലാന്റിലെ സ്റ്റീൽ മെൽറ്റിംഗ് ഷോപ്പിന് കീഴിലുള്ള കണ്ടിന്യൂയസ് കാസ്റ്റിസ് ഡിപ്പാർട്ട്മെന്റിലാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വൻ തീപിടിത്തം ഉണ്ടാകുകയും ഉരുകിയ ദ്രാവക രൂപത്തിലുള്ള സ്റ്റീൽ നിലത്തേക്ക് പതിക്കുകയുമായിരുന്നു.
കടുത്ത പുകയും തീജ്വാലകളും കാരണം ജീവനക്കാർ കുടുങ്ങിപ്പോയി. ഫയർ ഫോഴ്സും സ്റ്റീൽ പ്ലാൻ്റിലെ റസ്ക്യൂ സംഘവും വിവിധ സർക്കാർ വകുപ്പുകളും ഉടൻതന്നെ സഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കുടുങ്ങിയ ജീവനക്കാരെ പുറത്തെത്തിച്ചു.